മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും കെ സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. ആകെ 63 എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവരും വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ സി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

ഈ കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് പേര്‍ മാത്രമാണ് പിന്തുണച്ചത്. വി ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചെങ്കിലും, കെ സി വേണുഗോപാല്‍ ഈ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്.

എംഎല്‍എമാര്‍ക്ക് പുറമെ കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂന്ന് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ വി ഡി സതീശനെ പിന്തുണച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും കെ സി വേണുഗോപാലിനൊപ്പമാണ് നിലയുറപ്പിച്ചത്. നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ ആഴ്ച അവസാനത്തോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

Photo and News Source: Samakalika Malayalam