മലപ്പുറം വണ്ടൂരിൽ കോൺഗ്രസ് എം.എൽ.എ എ.പി. അനിൽകുമാറിനെതിരെ രൂക്ഷമായ പ്രതിഷേധം. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ‘പച്ചപ്പട ജനപക്ഷം’ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. എം.എൽ.എയുടെ ഫ്ലക്സ് ബോർഡുകൾക്ക് മുകളിൽ വരെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് നേതാവായി അനിൽകുമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. കെ.സി. വേണുഗോപാലിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ലെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ നിലയ്ക്ക് നിർത്തണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. മാത്യുവിനെ ഉപയോഗിച്ച് ലീഗിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ, കെ.സി. ഗ്രൂപ്പിന്റെ മാനേജറായി പ്രവർത്തിക്കുന്ന അനിൽകുമാർ ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കില്ലെന്നും പോസ്റ്ററുകളിൽ ഭീഷണിയുണ്ട്. മുൻപ് അനിൽകുമാറിനെ വിജയിപ്പിക്കാൻ പ്രവർത്തിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും, ഇത്തരത്തിലുള്ള പ്രവർത്തനരീതി തുടർന്നാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Kairali News