യുദ്ധം, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും മെയ് 8 ലോക റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്. റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജീൻ ഹെൻറി ഡുനാൻ്റിന്റെ ജന്മദിനമാണ് ഈ ദിനത്തിന്റെ അടിസ്ഥാനം. 1828 മെയ് 8-ന് ജനീവയിലാണ് അദ്ദേഹം ജനിച്ചത്. മാനവികതയ്ക്കുള്ള അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് 1901-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.

1859-ൽ ഇറ്റലിയിൽ നടന്ന യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ സഹായിക്കാനായി ഹെൻറി ഡുനാൻ്റ് നടത്തിയ ഇടപെടലുകളാണ് റെഡ് ക്രോസ് എന്ന ആഗോള പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 1863-ൽ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിതമായി. ഇന്ത്യയിൽ 1920-ലാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. “മാനവികതയെ സജീവമായി നിലനിർത്തുക” (Keeping Humanity Alive) എന്നതാണ് ഈ വർഷത്തെ പ്രമേയം.

ലാഭേച്ഛയില്ലാതെ, വിവേചനങ്ങളില്ലാതെ ദുരിതബാധിതരെ സഹായിക്കുക എന്നതാണ് റെഡ് ക്രോസിന്റെ അടിസ്ഥാന ലക്ഷ്യം. മാനവികത, നിഷ്പക്ഷത, നിഷ്പക്ഷത, സ്വാതന്ത്ര്യം, സന്നദ്ധ സേവനം, ഐക്യം, സാർവത്രികത എന്നീ ഏഴ് തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഈ സംഘടന ലോകമെമ്പാടും പ്രവർത്തിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യത്വത്തിന്റെ കാവലാളായി നിലകൊള്ളുന്ന സന്നദ്ധപ്രവർത്തകരുടെ സേവനങ്ങളെ ഈ ദിനം ലോകം നന്ദിയോടെ സ്മരിക്കുന്നു.

Photo and News Source: Kairali News