കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി സി പി ഐയുടെ നിർണ്ണായകമായ ദേശീയ നേതൃയോഗങ്ങൾ ഇന്ന് ദില്ലിയിൽ ആരംഭിക്കും. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന യോഗങ്ങളിൽ പാർട്ടി നേരിട്ട തിരിച്ചടികളും ഭാവി പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്യും.

ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തോടെയാണ് ചർച്ചകൾക്ക് തുടക്കമാകുന്നത്. ഇതിനുശേഷം നാഷണൽ എക്സിക്യൂട്ടീവ് യോഗം ചേരും. തുടർന്ന് നാളെയും മറ്റന്നാളുമായി നാഷണൽ കൗൺസിൽ യോഗങ്ങളും നടക്കും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി യോഗത്തിൽ പ്രധാന അജണ്ടയായി മാറും.

തെരഞ്ഞെടുപ്പ് അവലോകനത്തിന് പുറമെ, പാർട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികൾ എന്നിവ സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ നടക്കും. കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രകാശ് ബാബു, പി സന്തോഷ് കുമാർ എം പി, രാജാജി മാത്യു തോമസ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

Photo and News Source: Kairali News