മാധവ് സുരേഷ് നായകനായി എത്തുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം 'അങ്കം അട്ടഹാസം' ഇന്ന് മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സംസ്ഥാനത്തെ തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഗുണ്ടാ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം 110 കേന്ദ്രങ്ങളിലായാണ് പ്രദർശനത്തിനെത്തുന്നത്.
ചിത്രത്തിൽ മാധവ് സുരേഷിനൊപ്പം ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ താരം അംബികയാണ് ചിത്രത്തിലെ നായിക. സുജിത്ത് എസ്. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും നിർമ്മാതാവ് അനിൽകുമാർ ജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം, ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും സാമുവൽ മത്തായിയും (യുഎസ്എ) ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശിവൻ എസ് ആണ്. എഡിറ്റിംഗ് പ്രദീപ് ശങ്കർ നിർവഹിക്കുന്നു.
ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയ്സ് എന്നിവർ ചേർന്ന് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണ പങ്കാളികൾ.
Photo and News Source: Kerala Kaumudi Latest










