കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷണത്തിന് വിടാൻ പുതിയ സർക്കാർ തീരുമാനമെടുത്തേക്കുമെന്ന് സൂചന. അധികാരമേറ്റ ശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും റാന്നി എം.എൽ.എയുമായ പഴകുളം മധു വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

2024 ഒക്ടോബർ 15-നാണ് കണ്ണൂരിലെ ഔദ്യോഗിക വസതിയിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിൽ പ്രതിയായ പി.പി. ദിവ്യ നിലവിൽ ജാമ്യത്തിലാണ്.

നവീൻ ബാബുവിന്റെ കുടുംബം നീതി തേടി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെട്രോൾ പമ്പിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം, പണം നൽകിയതിന്റെ സാമ്പത്തിക സ്രോതസ്സ്, പി.പി. ദിവ്യയും പ്രശാന്തനും തമ്മിലുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കണ്ണൂർ കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് അടുത്തിടെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയെടുത്തിരുന്നു.

Photo and News Source: Mathrubhumi