കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ കണ്ണൂര്‍ ഇരിക്കൂറില്‍ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നു. 'കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട' എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരിക്കുന്നത്. 'പട നയിച്ചവര്‍ ഭരിക്കട്ടെ' എന്ന സന്ദേശവും ഈ ബോര്‍ഡുകളിലുണ്ട്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ മുസ്ലിം ലീഗ് ഇടപെട്ടതിനെതിരെ മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഈ പ്രതിഷേധത്തിന് വഴിവെച്ചത്.
മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അങ്ങനെയാകണമെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയമായി ലീഗ് ആക്രമിക്കപ്പെട്ടപ്പോഴെല്ലാം കോണ്‍ഗ്രസ് ഒപ്പമുണ്ടായിരുന്നുവെന്നും, പരസ്പര ധാരണയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി തീരുമാനിക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എ ഐ സി സി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി കെ എം ഷാജി അടക്കമുള്ള നേതാക്കള്‍ വി ഡി സതീശന് അനുകൂലമായ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടയിലാണ് കെ സി വേണുഗോപാല്‍ പക്ഷക്കാരനായ മാത്യു കുഴല്‍നാടന്‍ ലീഗിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
Photo and News Source: Siraj Live









