അധികാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി നടൻ ജോയ് മാത്യൂ രംഗത്ത്. പ്രതിപക്ഷ നേതാവാകാൻ ഭയമുണ്ടെങ്കിൽ പിണറായി വിജയന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായേക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. മലയാള ഭാഷാ പ്രയോഗത്തിലും ശൈലിയിലും പിണറായി നൽകിയ സംഭാവനകൾ പരിഗണിച്ചായിരിക്കും ഈ നിയമനമെന്നും ജോയ് മാത്യൂ കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ ഇടതുമുന്നണി ഗൗരവമായി പരിശോധിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് എതിരായി ഏകീകരിക്കപ്പെട്ടതാണ് പരാജയത്തിന് പ്രധാന കാരണമെന്നാണ് മുന്നണിയുടെ പ്രാഥമിക വിലയിരുത്തൽ. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. പരാജയത്തെക്കുറിച്ച് വിശദമായ പഠനം നടത്താൻ ജൂൺ 15 വരെ സമയം നിശ്ചയിച്ചിട്ടുണ്ട്.
വ്യക്തിപരമായ അധിക്ഷേപങ്ങളെ താൻ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നണിയോഗത്തിൽ വ്യക്തമാക്കി. ഒറ്റക്കെട്ടായി നിന്നാൽ ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, പിണറായിയുടെ പ്രവർത്തന ശൈലി തോൽവിക്ക് കാരണമായെന്ന വിമർശനം മുന്നണിക്കുള്ളിൽ ശക്തമാണ്. ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേണ്ടത്ര എത്തിയില്ലെന്ന് സിപിഐയും ചൂണ്ടിക്കാട്ടി.
Photo and News Source: Asianet News









