മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം 'ദൃഢം' മെയ് 8-ന് പ്രേക്ഷകരിലേക്ക് എത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്നൊരുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്.
ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ ആഗ്രഹങ്ങളോടും ആത്മവിശ്വാസത്തോടും കൂടി ഒരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ ചാർജ് എടുക്കുന്ന വിജയ് രാധാകൃഷ്ണന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'കൊറോണ പേപ്പേഴ്സ്', 'വേല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Photo and News Source: Asianet News









