രാജ്യത്ത് തൊഴിലാളി വിരുദ്ധ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ, ഷിംല മുൻസിപ്പൽ കോർപ്പറേഷനിലെ ശുചിത്വ തൊഴിലാളികൾ സമരപാതയിൽ. സിഐടിയുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികളാണ് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള സേവന-വേതന വ്യവസ്ഥകൾ അട്ടിമറിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളാണ് തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും, 10 ശതമാനം വാർഷിക വേതന വർധനവ് നിർത്തലാക്കിയതും, അവധി ദിനങ്ങൾ റദ്ദാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2026 ഏപ്രിൽ 4-ന് നടന്ന വാർഷിക പൊതുയോഗത്തിൽ, തൊഴിലാളികളുടെ പ്രതിനിധികളെ പോലും അറിയിക്കാതെ SEHB (Shimla Environment, Heritage and Beautification) ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾക്കെതിരെയാണ് തൊഴിലാളികൾ രംഗത്തുവന്നത്. വാർഷിക വർധനവിന് പകരം വെറും 3 ശതമാനം ഡിഎ മാത്രം നൽകാനുള്ള തീരുമാനം തൊഴിലാളികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

തൊഴിലാളി വിരുദ്ധ നിലപാടുകൾ പിൻവലിച്ചില്ലെങ്കിൽ മെയ് 15 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി. ജോലിഭാരം വർധിക്കുമ്പോഴും അർഹമായ കൂലി നൽകാത്തത് ക്രൂരതയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഭരണകൂടം തൊഴിലാളികളെ ആസൂത്രിതമായി ചൂഷണം ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു.

ഗ്രാറ്റുവിറ്റി നടപ്പാക്കുക, പ്രതിമാസ വേതനം 26,000 രൂപയാക്കുക, ഔട്ട്‌സോഴ്‌സിംഗ് സംവിധാനം നിർത്തലാക്കുക, ഓവർടൈം വേതനം ഉറപ്പാക്കുക, അപകടങ്ങൾ സംഭവിച്ചാൽ അടിയന്തര സാമ്പത്തിക സഹായം നൽകുക തുടങ്ങി 32 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശവും തൊഴിലാളികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

Photo and News Source: Kairali News