ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗവും വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മുഖ്യ മധ്യസ്ഥനുമായ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസം, ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹമാസ് മുതിര്‍ന്ന നേതാവ് ബാസിം നഈം ഇക്കാര്യം സ്ഥിരീകരിച്ചതായി സഊദി മാധ്യമമായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്കായി ഹമാസ് പ്രതിനിധികള്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ആക്രമണം നടന്നത്. അസമിനെ ലക്ഷ്യമിട്ടായിരുന്നില്ല ആക്രമണമെന്നാണ് ഇസ്‌റാഈലിന്റെ വാദം. ഖലീല്‍ അല്‍ ഹയ്യയുടെ ഏഴ് മക്കളില്‍ നാല് പേരും ഇതിനകം ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2008, 2014 വര്‍ഷങ്ങളിലെ സൈനിക നടപടികളിലും കഴിഞ്ഞ വര്‍ഷം ദോഹയിലുണ്ടായ ആക്രമണത്തിലുമായിരുന്നു മറ്റ് മക്കള്‍ കൊല്ലപ്പെട്ടത്.
ഇസ്‌റാഈലിന്റെ ഇത്തരം നടപടികള്‍ വെടിനിര്‍ത്തല്‍ കരാറിനെയും സമാധാന ശ്രമങ്ങളെയും അട്ടിമറിക്കാനുള്ളതാണെന്ന് ഖലീല്‍ അല്‍ ഹയ്യ അല്‍ ജസീറയോട് പ്രതികരിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകള്‍ പാലിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മേല്‍നോട്ടത്തിലുള്ള ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
Photo and News Source: Suprabhaatham










