രാവിലെ ഉന്മേഷത്തോടെ ദിവസം തുടങ്ങിയാലും അല്‍പ്പസമയത്തിനുള്ളില്‍ വല്ലാത്ത തളര്‍ച്ച അനുഭവപ്പെടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെയാവാം വില്ലന്‍ ഒളിഞ്ഞിരിക്കുന്നത്. ശരീരത്തിന് ഊര്‍ജ്ജം നല്‍കേണ്ട ഭക്ഷണങ്ങള്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്രയുടെ അഭിപ്രായപ്രകാരം, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നതും ദഹിപ്പിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണങ്ങളാണ് പ്രധാനമായും ക്ഷീണമുണ്ടാക്കുന്നത്.
പഴച്ചാറുകള്‍ കുടിക്കുമ്പോള്‍ അതിലെ നാരുകള്‍ നഷ്ടപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തുകയും പിന്നീട് വലിയ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ പഴങ്ങള്‍ ജ്യൂസ് ആക്കാതെ നേരിട്ട് കഴിക്കുന്നതാണ് ഉത്തമം. അതുപോലെ, ചായയും കാപ്പിയും താല്‍ക്കാലിക ഉന്മേഷം നല്‍കുമെങ്കിലും അമിതമായ ആശ്രയത്വം ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജ്ജത്തെ തടസ്സപ്പെടുത്തുന്നു.
ക്രീമി പാസ്തയും ചോറും അമിതമായി കഴിക്കുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നു. ഇവ ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുന്നതിനാല്‍ ഭക്ഷണം കഴിഞ്ഞയുടനെ ഉറക്കവും തളര്‍ച്ചയും അനുഭവപ്പെടുന്നു. കൂടാതെ, ഷുഗര്‍ ഫ്രീ എന്ന് ലേബല്‍ ചെയ്ത പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ മധുരങ്ങളും ഉത്തേജകങ്ങളും ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.
ചായയ്‌ക്കൊപ്പം ബിസ്‌കറ്റ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മൈദയും പഞ്ചസാരയും ചേര്‍ത്ത ഇത്തരം ലഘുഭക്ഷണങ്ങള്‍ ഊര്‍ജ്ജം പെട്ടെന്ന് കൂട്ടുകയും അത്രതന്നെ വേഗത്തില്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഇടയ്ക്കിടെ തളര്‍ച്ച അനുഭവപ്പെടാന്‍ കാരണമാകുന്നു. ബിസ്‌കറ്റുകള്‍ക്ക് പകരം നട്‌സ് പോലെയുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ഉന്മേഷം നിലനിര്‍ത്താന്‍ നല്ലതെന്ന് ലവ്‌നീത് ബത്ര നിര്‍ദ്ദേശിക്കുന്നു.
Photo and News Source: Suprabhaatham









