മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' മേയ് 21-ന് രാവിലെ 8 മണി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ യു.എസ് പ്രീമിയറുകൾ മേയ് 20-ന് വൈകുന്നേരം 7.30-ന് ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുന്നത് ആരാധകർക്ക് ഇരട്ടി മധുരമായി മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യദിനം തന്നെ വലിയൊരു ഓപ്പണിംഗ് കളക്ഷൻ ലഭിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ജോർജുകുട്ടിയെയും മറ്റ് പ്രധാന കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഏറെ നിഗൂഢതകൾ നിറഞ്ഞ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോർജുകുട്ടി എന്ന കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രധാന ആകർഷണമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 350 കോടി രൂപയുടെ ബിസിനസ്സ് നേടി 'ദൃശ്യം 3' വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ ആഗോള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് നിർമ്മിച്ചതും ഇതേ നിർമ്മാണ കമ്പനിയാണ്. വൻ പ്രതീക്ഷകളോടെ എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Photo and News Source: Kerala Kaumudi