തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം എഐസിസിയും കെ.സി. വേണുഗോപാലും രൂപപ്പെടുത്തിയ തന്ത്രങ്ങളും അവർ നടത്തിയ പ്രവർത്തനങ്ങളുമാണ്. വിജയത്തിന്റെ പശ്ചാത്തലത്തിൽ ചില മാധ്യമങ്ങളും പാർട്ടി വിഭാഗങ്ങളും ഉയർത്തുന്ന വിവാദങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഒന്നാമതായി, കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ വിമത നേതാക്കളെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിച്ചത് യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമായി. രണ്ടാമതായി, കോൺഗ്രസ് മത്സരിച്ച 93 സീറ്റുകളിലും യുഡിഎഫ് മത്സരിച്ച 140 സീറ്റുകളിലും ഏതെങ്കിലും ഒരാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയല്ല ജനങ്ങൾ വോട്ട് ചെയ്തത്. അതിനാൽ ഇപ്പോൾ ഏതെങ്കിലും ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല.

2021-ൽ എഐസിസി പുതിയ പ്രതിപക്ഷ നേതാവിനെ നിയോഗിച്ചത് അന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയായിരുന്നു. ആ തീരുമാനങ്ങൾ തെറ്റായിരുന്നില്ല എന്നത് ചരിത്രം തെളിയിക്കുന്നു. പ്രതിപക്ഷ നേതൃത്വത്തെക്കാൾ ഭാരിച്ച ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ഭരണപരിചയം, സംഘടനാ വൈദഗ്ദ്ധ്യം, സോഷ്യൽ എഞ്ചിനീയറിംഗ് മികവ്, മുന്നണിയിലെയും പാർട്ടിയിലെയും എല്ലാവരെയും ഏകോപിപ്പിക്കാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കപ്പെടും. ഈ കാര്യങ്ങൾ പരിശോധിച്ച് എഐസിസി എടുക്കുന്ന തീരുമാനവും തെറ്റായിരുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒട്ടേറെ മണ്ഡലങ്ങളിൽ സിപിഎം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സിപിഎമ്മിനെ നിരന്തരം വിമർശിക്കുന്ന വി.ഡി. സതീശനെ കണ്ടിട്ടല്ല അവർ വോട്ട് നൽകിയത്. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിജയത്തിന്റെ നിർണായക ഘടകം സിപിഎം വോട്ടുകളുടെ വരവായിരുന്നു.

തിരഞ്ഞെടുപ്പിൽ മറ്റാരെക്കാളും ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് എഐസിസി നേതൃത്വമാണ്. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയോഗിച്ച് പ്രശ്നങ്ങൾ പഠിക്കുകയും പരിഹരിക്കാനായി ഇടപെടുകയും ചെയ്തു. എഐസിസി വിജയിക്കുമെന്ന് നിരീക്ഷിച്ച മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് വിശ്വസിച്ചവരായിരുന്നു കോൺഗ്രസിലെ ഭൂരിഭാഗം ആളുകളും. തൃക്കരിപ്പൂർ സന്ദീപ് വാര്യർ, കണ്ണൂർ ടി.ഒ. മോഹനൻ, എലത്തൂർ വിദ്യാബാലകൃഷ്ണൻ, ബാലുശ്ശേരി വി.ടി. സൂരജ്, നാദാപുരം കെ.എം. അഭിജിത്ത്, കോഴിക്കോട് നോർത്ത് കെ. ജയന്ത്, തവനൂർ വി.എസ്. ജോയ്, ആലപ്പുഴ എ.ഡി. തോമസ്, പാലക്കാട് രമേഷ് പിഷാരടി, ചിറ്റൂർ സുമേഷ് അച്യുതൻ, തൃശ്ശൂർ രാജൻ പല്ലൻ, കൊടുങ്ങല്ലൂർ ഓ.ജെ. ജനീഷ്, പെരുമ്പാവൂർ മനോജ് മൂത്തേടൻ, തൃപ്പുണിത്തുറ ദീപക് ജോയ്, കൊച്ചി മുഹമ്മദ് ഷിയാസ്, ഏറ്റുമാനൂർ നാട്ടകം സുരേഷ്, വൈക്കം കെ. ബിനിമോൻ, പൂഞ്ഞാർ എം.ജെ. സെബാസ്റ്റ്യൻ, കായംകുളം എം. ലിജു, റാന്നി പഴകുളം മധു, ചടയമംഗലം എം.എം. നസീർ, വാമനപുരം സുധീര്ഷാ പാലോട്, നെയ്യാറ്റിൻകര ശക്തൻ, ചിറയിൻകീഴ് രമ്യ ഹരിദാസ്, കൊല്ലം ബിന്ദു കൃഷ്ണ തുടങ്ങിയവരും സിപിഎം വിട്ടുവന്ന ജി. സുധാകരൻ (അമ്പലപ്പുഴ), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്) തുടങ്ങിയവരും തോൽക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ ഫലം വന്നപ്പോൾ ഇവരെല്ലാം വിജയിച്ചു.

എഐസിസിയുടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു. 95 മുതൽ 100-ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷയും. മാധ്യമങ്ങൾ കോൺഗ്രസിനുള്ളിലെ യഥാർത്ഥ വസ്തുതകൾ അറിയാതെ ചിലരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. യുഡിഎഫ് വിജയത്തിന്റെ യഥാർത്ഥ കാരണങ്ങളെ മറച്ചുവയ്ക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് വിമർശനങ്ങൾ ഉയരുന്നു.

Photo and News Source: