കേരളത്തിൽ പാർട്ടി നേരിട്ടത് അസാധാരണമായ തോൽവിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാർട്ടി ഒന്നടങ്കം സത്യസന്ധമായും നിർഭയമായും മുൻവിധികൾ കൂടാതെയും പരിശോധന നടത്തും. സംസ്ഥാന നേതൃത്വ തലത്തിൽ ചർച്ചകൾ നടത്തി സഖാക്കളുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമായിരിക്കും അന്തിമ നിഗമനങ്ങളിൽ എത്തുക.

ഈ പരിശോധനാ പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവർത്തനങ്ങളിലെ പോരായ്മകൾ കണ്ടെത്തി തിരുത്തുന്നതിലൂടെ പാർട്ടിയും എൽഡിഎഫും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് ഫലവും ചർച്ച ചെയ്യാൻ നാളെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ടിവികെ (TVK) പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.

അതേസമയം, തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സർക്കാർ രൂപീകരണത്തിന് വിജയിയെ ക്ഷണിക്കാൻ വൈകുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. എംഎൽഎമാരുടെ പട്ടികയുമായി വരണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത് അടിസ്ഥാനരഹിതമാണ്. മുൻപ് വാജ്‌പേയിക്ക് സർക്കാർ രൂപീകരിക്കാൻ ഒരു മാസത്തെ സമയം നൽകിയിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഗവർണറുടെ നടപടികൾ സംശയാസ്പദമാണെന്നും കൂട്ടിച്ചേർത്തു.

Photo and News Source: Kairali News