രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ (SMC) പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ ഭരണത്തിൽ രക്ഷിതാക്കളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് പുതിയ മാർഗരേഖ ഔദ്യോഗികമായി പുറത്തിറക്കിയത്.

പുതിയ നിർദേശപ്രകാരം സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണം. സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. കൂടാതെ, അക്കാദമിക് കമ്മിറ്റി, സ്കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികളും ഇതിന് കീഴിലുണ്ടാകും. സമിതിയുടെ കാലാവധി രണ്ട് വർഷമായി നിശ്ചയിച്ചിട്ടുണ്ട്.

സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് സമിതിയിലെ അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. 100 കുട്ടികൾ വരെയാണെങ്കിൽ 12-15 അംഗങ്ങളും, 100 മുതൽ 500 വരെയാണെങ്കിൽ 15-20 അംഗങ്ങളും, 500-ൽ അധികം കുട്ടികളുണ്ടെങ്കിൽ 20-25 അംഗങ്ങളും സമിതിയിലുണ്ടാകും. പ്രാദേശിക ഭരണകൂടത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ എന്നിവർക്കും സമിതിയിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും.

സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേൽനോട്ടം ഈ സമിതിക്കായിരിക്കും. കൂടാതെ, 30 ലക്ഷം രൂപ വരെയുള്ള സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുത്ത് നടത്താനുള്ള അധികാരം സമിതിക്ക് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം (RTE Act) പ്രകാരം സമിതിയിലെ നാലിൽ മൂന്ന് ഭാഗം അംഗങ്ങളും രക്ഷിതാക്കളായിരിക്കണം. ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കണമെന്നും നിർബന്ധമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ഈ മാറ്റങ്ങൾ പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ വലിയ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും സ്കൂൾ മേധാവികൾ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കണം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ മാർഗരേഖയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

Photo and News Source: Mathrubhumi