അമേരിക്കൻ ബാങ്കിങ് ഭീമനായ ജെപി മോർഗൻ ചേസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. മുൻ ജീവനക്കാരനായ ചിരായു റാണ നൽകിയ പരാതിയിലാണ് പുതിയ സാക്ഷിമൊഴികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ നൽകിയ പരാതിയിൽ ചില മാറ്റങ്ങൾ വരുത്തിയ ശേഷം റാണ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ലോർണ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മയക്കുമരുന്ന് നൽകി ഉപദ്രവിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് റാണയുടെ പ്രധാന ആരോപണം. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന രീതിയിലാണ് രണ്ട് സാക്ഷികൾ മൊഴി നൽകിയിരിക്കുന്നത്. റാണയുടെ അപ്പാർട്ട്‌മെന്റിൽ ലോർണ നഗ്നയായി എത്തിയെന്നും, ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും സാക്ഷികളിലൊരാൾ വെളിപ്പെടുത്തി.
റാണയെ കഴുത്തിൽ ചുംബിക്കുകയും ബലമായി കടന്നുപിടിക്കുകയും ചെയ്യുന്നത് കണ്ടതായി രണ്ടാമത്തെ സാക്ഷിയും മൊഴി നൽകി. നിരന്തരമായ പീഡനങ്ങൾ കാരണം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഇതിനായി ചികിത്സ തേടിയിട്ടുണ്ടെന്നും റാണ കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ തെളിവായി ചികിത്സാരേഖകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, ജെപി മോർഗൻ അധികൃതരും ലോർണയുടെ അഭിഭാഷകരും ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചു. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതിക്കാരൻ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ലോർണയുടെ അഭിഭാഷകർ ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അവരുടെ സൽപേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രതികരിച്ചു.
Photo and News Source: Mathrubhumi









