ശരീരഭാരം നിയന്ത്രിക്കാൻ പട്ടിണി കിടക്കുകയല്ല വേണ്ടത്, മറിച്ച് പോഷകസമൃദ്ധമായ ഭക്ഷണം ശരിയായ അളവിൽ കഴിക്കുകയാണ് വേണ്ടത്. ഭക്ഷണക്രമത്തിൽ സാലഡുകൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ, എല്ലാ സാലഡുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കണമെന്നില്ല. ക്രീം, ചീസ്, മയോണൈസ് എന്നിവ ധാരാളമായി അടങ്ങിയ സാലഡുകൾ കലോറി വർദ്ധിപ്പിക്കുകയേ ഉള്ളൂ.
സാലഡ് കഴിക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഉച്ചഭക്ഷണത്തിന് 20 മിനിറ്റ് മുൻപ്, വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കുമിടയിൽ, അല്ലെങ്കിൽ രാത്രി ഭക്ഷണത്തിന് പകരമായി ഏഴരയ്ക്ക് മുൻപ് സാലഡ് കഴിക്കുന്നത് മികച്ച ഫലം നൽകും. സാലഡ് തയ്യാറാക്കുമ്പോൾ ഉയർന്ന നാരുകൾ അടങ്ങിയ പച്ചക്കറികൾ, പ്രോട്ടീൻ സമ്പന്നമായ ചിക്കൻ ബ്രെസ്റ്റ് അല്ലെങ്കിൽ മുട്ട, കുക്കുമ്പർ പോലുള്ള കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഗുണമേന്മയുള്ള സാലഡ് തയ്യാറാക്കാൻ ഗ്രിൽ ചെയ്ത പനീർ (50 ഗ്രാം) അല്ലെങ്കിൽ വേവിച്ച കടല (ഒരു കപ്പ്), കുക്കുമ്പർ, ക്യാപ്സിക്കം, ലെറ്റൂസ് എന്നിവ ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിലും അല്പം നാരങ്ങാനീരും ചേർക്കുന്നത് രുചിയും ഗുണവും വർദ്ധിപ്പിക്കും. കൃത്യമായ ചേരുവകളും സമയക്രമവും പാലിച്ചാൽ സാലഡ് വഴി ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിൽ കൊണ്ടുവരാൻ സാധിക്കും.
Photo and News Source: Kairali News









