തൃശൂർ കൊടകരയിൽ ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും തിരുവില്ലാമലയിലേക്ക് സർവീസ് നടത്തിയിരുന്ന ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പേരാമ്പ്ര മേൽപ്പാലം ഇറങ്ങി വരുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന ഉടൻ തന്നെ കൊടകര പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരുക്കുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരും.

ഇതിനിടെ എറണാകുളം പൊന്നുരുന്നിയിലും മറ്റൊരു ബസ് അപകടം നടന്നു. ദേശീയപാതയിൽ വെച്ച് ബസ് മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലും ആർക്കും ഗുരുതരമായ പരുക്കുകളില്ല. എന്നാൽ, അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Photo and News Source: Kairali News