തിരുവനന്തപുരം ഇന്ദിരാഭവനിൽ കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടക്കുന്നതിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. ചരിത്രത്തിൽ ആദ്യമായി മാധ്യമപ്രവർത്തകരെ കെപിസിസി ആസ്ഥാനത്തിന് പുറത്താക്കുകയും ഗേറ്റ് പൂട്ടി പ്രവേശനം നിഷേധിക്കുകയും ചെയ്തു. ചർച്ചകളുടെ രഹസ്യാത്മകത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, ഈ നടപടി വലിയ പ്രതിഷേധത്തിന് വഴിവെച്ചു. തുടർന്ന് മുതിർന്ന നേതാവ് പാലോട് രവി ഇടപെട്ടാണ് ഗേറ്റ് വീണ്ടും തുറപ്പിക്കാനും മാധ്യമപ്രവർത്തകരെ കെപിസിസി വളപ്പിലേക്ക് പ്രവേശിപ്പിക്കാനും തയ്യാറായത്. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സംസ്ഥാനത്ത് സജീവമായി തുടരുന്നതിനിടെയാണ് ഇന്ദിരാഭവനിൽ ഇത്തരമൊരു സംഭവം നടന്നത്.
അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ചുകൊണ്ട് വിവിധ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നത് പാർട്ടിയിൽ വലിയ ചർച്ചയായിട്ടുണ്ട്. എഐസിസി നിരീക്ഷകർ ഘടകകക്ഷി നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ളവർ തലസ്ഥാനത്തെത്തി ചർച്ചകളിൽ പങ്കുചേരുമെന്നാണ് വിവരം.
Photo and News Source: Kairali News









