മധ്യപ്രദേശിലെ ഭോപ്പാലിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുള്ള അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹബീബ്ഗഞ്ച് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ അഭിഭാഷകൻ തന്റെ മകൾക്കും പേരക്കുട്ടിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പേരക്കുട്ടിയുടെ സുഹൃത്തായ അഞ്ചുവയസുകാരി കളിക്കാനായി പതിവായി ഇദ്ദേഹത്തിന്റെ വീട്ടിൽ എത്താറുണ്ടായിരുന്നു.
സംഭവദിവസം കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, പ്രതി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെത്തിയ കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മയോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതോടെ മാതാപിതാക്കൾ ഉടൻ തന്നെ ഡോക്ടറെ സമീപിച്ചു.
ഡോക്ടറുടെ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സംശയം പ്രകടിപ്പിച്ചതോടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന കൗൺസിലിംഗിൽ കുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
Photo and News Source: Kairali News









