എൽഡിഎഫ് യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ യോഗത്തിൽ നടക്കും. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകളോടെ മുന്നോട്ട് പോകാനാണ് സിപിഐഎം നേതൃയോഗത്തിലെ തീരുമാനം.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ബ്രാഞ്ച് തലം വരെ ചർച്ച ചെയ്ത് പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തുമെന്നും, പാർട്ടി പ്രവർത്തകരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘടനാപരമായ പോരായ്മകളും രാഷ്ട്രീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റികളും, ഏരിയാ കമ്മിറ്റികളുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റികളും യോഗം ചേരും. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷം വിശദമായ തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കാനാണ് പാർട്ടിയുടെ തീരുമാനം.

Photo and News Source: Kairali News