നീണ്ട ഇടവേളയ്ക്കും കഠിനമായ മാനസിക പോരാട്ടങ്ങൾക്കും ശേഷം ബോളിവുഡ് താരം ബബിൽ ഖാൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി സിനിമാലോകത്തുനിന്ന് വിട്ടുനിന്ന താരം, തന്റെ പുതിയ പ്രോജക്റ്റിന്റെ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താൻ വീണ്ടും ജോലിയിലേക്ക് മടങ്ങിയെത്തിയ വിവരം അദ്ദേഹം അറിയിച്ചത്.
'നിങ്ങൾ എന്നെ കാണുന്ന ഓരോ സെക്കൻഡും വിലപ്പെട്ടതാക്കാൻ ഞാൻ അത്രയേറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വൈകാതെ തന്നെ സ്ക്രീനിൽ കാണാം' എന്ന് ബബിൽ കുറിച്ചു. കഴിഞ്ഞ ഒരു വർഷമായി കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് താരം കടന്നുപോയത്. 2025 മെയ് മാസത്തിൽ ബോളിവുഡിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു.
പിന്നീട് ഒക്ടോബറിൽ താൻ നേരിട്ട ഡിപ്രഷനെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും ബബിൽ തുറന്നുപറഞ്ഞു. 'എന്റെ ആത്മാവ് അടിച്ചമർത്തലുകളിൽ തളർന്നുപോയിരുന്നു, എനിക്ക് സുഖപ്പെടാൻ സമയം ആവശ്യമായിരുന്നു' എന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ സമ്മർദ്ദങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിച്ചതിനെത്തുടർന്ന് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്തിരുന്നു.
ഈ സംഭവത്തെ തുടർന്ന് ബബിലിന്റെ കുടുംബവും ടീമും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മറ്റാരെയും പോലെ ബബിലിനും വിഷമകരമായ ദിവസങ്ങൾ ഉണ്ടാകാമെന്നും, അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും അവർ അന്ന് അറിയിച്ചിരുന്നു. ആരാധകരുടെ പിന്തുണയും പ്രാർത്ഥനയും ഏറ്റുവാങ്ങി, പുതിയ ഊർജ്ജത്തോടെ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Photo and News Source: Mathrubhumi









