മഹേഷ് നാരായണൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണിത്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പകർപ്പുകൾ വിവിധ വെബ്‌സൈറ്റുകൾ വഴി പ്രചരിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സൈബർ ക്രൈം പോലീസ് അന്വേഷണം ഊർജിതമാക്കി.

ചിത്രത്തിന്റെ നിർമാതാവായ ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് രണ്ട് മുതൽ അഞ്ച് വരെയുള്ള തീയതികളിൽ സിനിമയുടെ റെക്കോർഡ് ചെയ്ത പതിപ്പുകൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പകർപ്പവകാശ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ ZEE5 സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Photo and News Source: Kairali News