നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇരുവരും ഏറ്റെടുക്കണമെന്നും, കൂട്ടുത്തരവാദിത്വം പറഞ്ഞ് അവർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും നേതാക്കൾ തുറന്നടിച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനങ്ങൾ എടുക്കുമ്പോൾ മന്ത്രിമാർ തോന്നിയതുപോലെ പ്രവർത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. സെക്രട്ടേറിയറ്റിൽ പലതവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ കാര്യമായ ഇടപെടലുകൾ നടത്തിയില്ല. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ, അത് നടപ്പിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകളും യോഗത്തിൽ ചർച്ചയായി. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിക്ക് സംസ്ഥാന നേതൃത്വമാണ് ഉത്തരവാദിയെന്ന് വിമർശനം ഉയർന്നു. എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരരംഗത്തിറക്കിയതിനെതിരെയും നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വിജയം യോഗത്തിൽ പരാമർശിക്കപ്പെട്ടു. ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത ഇടപെടലുകളാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായതെന്നും, ഇത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം വലുതാണെന്നും നേതാക്കൾ വിലയിരുത്തി. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനശൈലിയിൽ അടിമുടി മാറ്റം വേണമെന്ന വികാരമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പൊതുവെ ഉയർന്നത്.

Photo and News Source: Suprabhaatham