കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനൽമഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിന് വലിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാന്നാർ കടലിടുക്കിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമായത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

പ്രത്യേകിച്ച് മധ്യ, തെക്കൻ കേരളത്തിലെ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അതേസമയം, ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Photo and News Source: Siraj Live