ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് ചേരിതിരിഞ്ഞ സ്വീകരണം നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടമാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയില്‍ അയക്കുന്നതിനുള്ള ആഹ്വാനവും ഹൈക്കമാന്‍ഡ് ഗൗരവമായെടുക്കുമെന്നാണ് പാര്‍ട്ടി ഉള്ളില്‍ നിന്നുള്ള വിവരം. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയാണെന്നും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പര്യമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി പദവി നല്‍കണമെന്ന താല്‍പര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖര്‍ഗെയോട് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണു വിവരം. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും രാഹുല്‍ തീരുമാനം. കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളേയും ഘടകകക്ഷികളെയും കേട്ട ശേഷം വി ഡി സതീശനെ വഴക്കിയെടുക്കുന്നതിനുള്ള നടപടികളിലേക്കും കടന്നേക്കും.

വി ഡി സതീശന് മുഖ്യമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ കെ സി വേണുഗോപാലിനു കീഴില്‍ മന്ത്രി പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഇത് കേരള കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പിനു കാരണമാകുമെന്നതിനാല്‍ രാഹുല്‍ ഗാന്ധി മറ്റു തീരുമാനങ്ങളിലേക്കു പോകും. മുഖ്യമന്ത്രി സ്ഥാനത്തിനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. ചെന്നിത്തല കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തിറങ്ങിയതെന്നും സൂചനയുണ്ട്.

കേരളത്തില്‍ ചെന്നിത്തലയും വി ഡി സതീശനും തമ്മില്‍ തര്‍ക്കം മൂലം ഒത്തുതീർപ്പ് മുഖ്യമന്ത്രിയായ കെ സി വേണുഗോപാലിനെ എളുപ്പം പ്രതിഷ്ഠിക്കാനുള്ള തന്ത്രമാണ് കേന്ദ്ര നേതൃത്വം മെനഞ്ഞതെന്നും പറയപ്പെടുന്നു. എന്നാല്‍ വി ഡി സതീശന് മുഖ്യമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കണ്ടറിയേണ്ടിവരുമെന്ന നിലപാടിലാണ് അദ്ദേഹം. കേന്ദ്ര നേതാക്കളുമായോ രാഹുല്‍ ഗാന്ധിയുമായോ ആശയവിനിമയം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ജനങ്ങളുടെ പിന്തുണയോടെ ഹൈക്കമാന്‍ഡ് നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സ്വീകരണം ഒരുക്കാന്‍ വി ഡി സതീശന് നീക്കം നടത്തുന്നത്. ഈ സ്വീകരണ പരിപാടിയുടെ പിന്നില് വിഭാഗീയ നീക്കമുണ്ടോ എന്ന കാര്യം കേന്ദ്ര നേതൃത്വം നിരീക്ഷിച്ചു വരികയാണ്.

Photo and News Source: Siraj Live