ലണ്ടന്‍: ഇംഗ്ലണ്ട് സ്ട്രൈക്കർ ബുക്കായോ സാകയുടെ ഗോളിലൂടെ ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കടന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0ന് പരാജയപ്പെടുത്തി ഗണ്ണേഴ്‌സ് ചരിത്രം കുറിച്ചു. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ആഴ്‌സണൽ വിജയം നേടി. മാഡ്രിഡിലെ ആദ്യ പാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. 20 വർഷത്തിനുശേഷം ആഴ്‌സണൽ യൂറോപ്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക് കടന്നിരിക്കുന്നു.

ആഴ്‌സണൽ ആദ്യം മുതൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ആദ്യ പകുതി അവസാനിക്കാൻ തൊട്ടുമുമ്പ് വിജയഗോൾ രൂപപ്പെട്ടു. ഗണ്ണേഴ്‌സിന്റെ സൂപ്പർ മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് വലത് ഭാഗത്ത് നിന്ന് തുടങ്ങിയ അത്യുഗ്ര നീക്കമാണ് ഗോളില് കലാശിച്ചത്. മധ്യവര പിന്നിട്ട റൈസ് പന്തുമായി വലത് ഭാഗത്തേക്ക് മുന്നേറി. ബോക്സിന്റെ ഇടത് മൂലയിലേക്ക് ക്രോസ് നല്കിയ റൈസിന്റെ പന്ത് ഇടത് വിങ്ങർ ലിയാന്‍ഡ്രോ ട്രോസാർഡ് ഓൺ ടാർഗെറ്റ് ഷോട്ട് നടത്തി. അത്‌ലറ്റിക്കോ ഗോളി ജാൻ ഒബ്ലാക് തടുത്തെങ്കിലും റീബൗണ്ടിൽ നിന്ന് ക്ലോസ് റേഞ്ചിൽ എത്തിയ ബുക്കായോ സാക പന്ത് അതിവേഗം ഗോളാക്കി.

ഇതിനുമുമ്പ് പ്രശസ്ത പരിശീലകൻ അഴ്‌സേൻ വെംഗറുടെ കാലത്താണ് ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത്. 2006-ൽ ബാഴ്‌സയുമായി കലാശപ്പോരിൽ പങ്കെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇത്തവണ 30-ന് ബുഡാപെസ്റ്റിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ആഴ്‌സണൽ യാത്ര തുടരുന്നു. ഈ വിജയത്തോടെ ഗണ്ണേഴ്‌സ് പ്രീമിയർ ലീഗ് ഫുട്‌ബോളിലും മുന്നിട്ടു നില്ക്കുന്നു. ഫൈനലിലേക്കുള്ള യാത്ര അവരുടെ പ്രതീക്ഷകളെ ഉയർത്തിയിരിക്കുന്നു.

Photo and News Source: Janmabhumi