തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ബിജെപി പ്രതിനിധികളായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബി.ബി. ഗോപകുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനത്തെ മാരാര്‍ജി ഭവനിൽ നടന്ന ചടങ്ങിൽ പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ വരവേല്‍പ്പ് ഇവർ സ്വീകരിച്ചു. ‘മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കും’ എന്ന് നിയുക്ത എംഎല്‍എമാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടിയെന്ന് ഇവർ ഒരേസ്വരത്തില്‍ പ്രസ്താവിച്ചു.

‘എണ്ണം കുറവാണെങ്കിലും നൂറുപേരടങ്ങുന്ന ഭരണപക്ഷത്തെ നേരായ വഴിക്ക് നടത്താന്‍ നരേന്ദ്ര മോദിയുടെ ഈ മൂന്ന് പോരാളികള്‍ മതിയാകും. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സഭയിലുണ്ടാകും’ എന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‘ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ബിജെപി അംഗങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ല. കേരളത്തിന്റെ ശബ്ദമായി ഞങ്ങള്‍ മാറും’ എന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ‘തന്റെ വിജയത്തിന് പിന്നില്‍ ചാത്തന്നൂരിലെ സാധാരണക്കാരായ ജനങ്ങളാണ്. നിയമസഭയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കും’ എന്ന് ബി.ബി. ഗോപകുമാർ പറഞ്ഞു.

വിജയികളെ കിരീടം അണിയിച്ചും പരാജയപ്പെട്ടവരെ ആദരിച്ചും ബിജെപി പാർട്ടി ആസ്ഥാനം സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പി.കെ. കൃഷ്ണദാസ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഡോ. അബ്ദുള്‍ സലാം തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. എന്‍ഡിഎയുടെ വിവിധ ഘടകകക്ഷി നേതാക്കളും യുവമോര്‍ച്ച പ്രവര്‍ത്തകരും സ്വീകരണത്തിന് മാറ്റുകൂട്ടി.

കേരള നിയമസഭയില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പായതോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ സഭയ്‌ക്കകത്തും പുറത്തും ശക്തമായ രാഷ്‌ട്രീയ നീക്കങ്ങളുമായി ബിജെപി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Photo and News Source: Janam TV