‘രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് ഫാക്ടറികളിലല്ല, മറിച്ച് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളുടെ അധ്വാനത്തിലാണ്’ എന്ന ബോധ്യത്തില്‍ നിന്നാണ് നവഭാരതത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്‌ക്കുന്നത്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയും, നൂതന സാങ്കേതികവിദ്യകള്‍ തൊഴില്‍ മേഖലയുടെ സമസ്ത തലങ്ങളെയും പൊളിച്ചെഴുതുകയും ചെയ്യുന്ന ഈ ആധുനിക കാലത്ത്, മാറ്റങ്ങളെ നെഞ്ചിലേറ്റി മുന്നോട്ട് നയിക്കാന്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സജ്ജമാവുകയാണ്. കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ‘തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം’ ഈ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ബിഎംഎസ്: ദേശസ്‌നേഹത്തിലധിഷ്ഠിതമായ തൊഴിലാളി പ്രസ്ഥാനം 1955 ജൂലൈ 23-ന് പ്രമുഖ ചിന്തകനും ദീര്‍ഘദര്‍ശിയുമായ ദത്തോപാന്ത് ഠേംഗ്ഡിജി രൂപം നല്‍കിയ പ്രസ്ഥാനമാണ് ബിഎംഎസ്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി, ഭാരതത്തിന്റെ തനതായ സാംസ്‌കാരിക ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ പ്രസ്ഥാനം കെട്ടിപ്പടുത്തത്. വിനാശകരമായ സമരങ്ങള്‍ക്കും വര്‍ഗ്ഗസമര സിദ്ധാന്തങ്ങള്‍ക്കും പകരം, നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് ഇന്ന് വളര്‍ന്നിരിക്കുന്നു. ‘തൊഴിലാളിയെ ദേശസാത്കരിക്കുക, വ്യവസായത്തെ തൊഴിലാളി വല്‍ക്കരിക്കുക, രാജ്യത്തെ വ്യവസായവല്‍ക്കരിക്കുക (Nationalise the Labour, Labourise the Industry, Industrialise the Nation)’ എന്ന ഠേംഗ്ഡിജിയുടെ മുദ്രാവാക്യമാണ് ബിഎംഎസിന്റെ എക്കാലത്തെയും പ്രവര്‍ത്തന മന്ത്രം.
ബിഎംഎസും കേരളവും കേരളത്തിന്റെ തൊഴില്‍ ചരിത്രത്തിലും പോരാട്ടങ്ങളിലും ബിഎംഎസിന് സവിശേഷമായ സ്ഥാനമുണ്ട്. സങ്കീര്‍ണ്ണമായ രാഷ്‌ട്രീയ-തൊഴില്‍ സാഹചര്യങ്ങളുള്ള കേരളത്തില്‍, വ്യവസായ സൗഹൃദവും അതേസമയം തികച്ചും തൊഴിലാളി അനുകൂലവുമായ ഒരു സമീപനം കൊണ്ടുവരാന്‍ ബിഎംഎസിന് സാധിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകള്‍ മുതല്‍ ആധുനിക ഐ.ടി രംഗങ്ങള്‍ വരെ ബിഎംഎസിന്റെ സാന്നിധ്യം ഇന്ന് കേരളത്തിലെ തൊഴിലാളികള്‍ക്ക് വലിയ സുരക്ഷിതത്വവും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ‘അന്ത്യോദയ’ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി, ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളിയുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടിയാണ് കേരളത്തില്‍ ബിഎംഎസ് നിലകൊള്ളുന്നത്.
1955-ൽ ബിഎംഎസ് രൂപീകരിച്ചെങ്കിലും കേരളത്തില്‍ ബിഎംഎസ് പ്രവര്‍ത്തനം തുടങ്ങിയത് 1967 മുതലാണ്. വേണുവേട്ടനും (ആര്‍. വേണുഗോപാല്‍), ഗംഗാധരേട്ടനും കോഴിക്കോടു നിന്നും ബിഎംഎസിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് റയില്‍വെ സ്റ്റേഷന് തൊട്ടടുത്ത് നിര്‍മ്മിച്ച പഠന പരിശീലന ഗവേഷണ കേന്ദ്രം എന്ന മഹത് സംരഭത്തിന് സുമതി. എസ്. നായക് എന്ന മഹതിയുടെ കാരുണ്യവും സേവന സന്നദ്ധതയും വഴിവിളക്കായി. ‘തൊഴിലാളി ക്ഷേമത്തിനുള്ള ഒരു കാര്യാലയ നിര്‍മ്മാണമാണ് ബിഎംഎസിന്റെ ഉദ്ദേശം’ എന്ന് അറിയിച്ചപ്പോള്‍ സേവന മനസ്ഥിതിയോടെ അവര്‍ വസ്തു കുറഞ്ഞ വിലയ്‌ക്കാണ് ഈ മഹത്തായ ലക്ഷ്യത്തിന് നല്‍കിയതെന്നതും ഓർക്കേണ്ടതാണ്.
രാഷ്ടീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിലും, ഭാരതിയ മസ്ദൂര്‍ സംഘത്തിന്റെ 70-ാം വാര്‍ഷികത്തിലും ചരിത്ര പ്രാധാന്യമുള്ള കോഴിക്കോട് ദത്തോപാന്ത് ഠേംഗ്ഡിജി വന്നിറങ്ങിയ അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു പഠന പരിശീലന ഗവേഷണ കേന്ദ്രം ഉയര്‍ന്നു വന്നത് തൊഴിലാളികളുടെ കാലങ്ങളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. വ്യവസായവല്‍ക്കരണവും ആഗോളവല്‍ക്കരണവും: പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടി എന്ന ലക്ഷ്യത്തോടെ, ബിഎംഎസ് തൊഴിലാളികളെ നൂതന സാങ്കേതികവിദ്യകളിലും, വ്യവസായിക പരിശീലനങ്ങളിലും മികവുറ്റരാക്കാന്‍ ശ്രമിക്കുന്നു. ഭാരതത്തിന്റെ സ്വന്തം മാതൃകയിലുള്ള വ്യവസായവല്‍ക്കരണത്തിന് ബിഎംഎസ് തുടക്കം കുറിക്കുന്നു.
Photo and News Source: Janmabhumi









