ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ അധ്യായമായി വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വിമാനത്താവളത്തിൽ സ്വീകരിച്ചു. 2024 ഏപ്രിലിൽ വിയറ്റ്നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷം തോ ലാം നടത്തുന്ന ആദ്യത്തെ ഇന്ത്യ സന്ദർശനമാണിത്. അദ്ദേഹത്തോടൊപ്പം വിയറ്റ്നാമിലെ മുതിർന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവുമുണ്ട്.​

ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിലെത്തുന്ന വിയറ്റ്നാം പ്രസിഡന്റിന് ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചർച്ചകൾ നടത്തും. ഈ ചർച്ചകളിൽ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശികവും ആഗോളവുമായ പ്രസക്തമായ വിഷയങ്ങൾ ഉന്നയിക്കപ്പെടും. ചർച്ചകൾക്ക് ശേഷം സുപ്രധാനമായ നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ വെച്ച് അദ്ദേഹം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കും. കൂടാതെ, ലോക്സഭാ സ്പീക്കർ ഓം ബിർളയുമായും കൂടിക്കാഴ്ച നടത്തും.​

സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് സംഘടിപ്പിക്കുന്ന 56-ാമത് സപ്രു ഹൗസ് പ്രഭാഷണവും തോ ലാം നിർവ്വഹിക്കും. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള നയതന്ത്ര ബന്ധം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്തിയതിന്റെ പത്താം വാർഷിക വേളയിലാണ് ഈ സന്ദർശനം നടക്കുന്നത്. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിയറ്റ്നാം സന്ദർശന വേളയിലായിരുന്നു ഈ നിർണ്ണായക തീരുമാനം എടുത്തത്.​

Photo and News Source: Janam TV