തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു ശേഷം, നിയമസഭയില്‍ ഇടതുപക്ഷത്തെ ആര് നയിക്കും എന്ന ചോദ്യം ശക്തമായി ഉയരുന്നു. പ്രതിപക്ഷ നിരയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നയിക്കാന്‍ പിണറായി തന്നെ വേണമെന്ന വികാരമാണ് പാര്‍ട്ടിയിലുള്ളത്. സഭയിലെ കരുത്തുറ്റ സാന്നിധ്യമായി അദ്ദേഹം മാറുന്നത് അണികള്‍ക്കിടയില്‍ ആത്മവിശ്വാസം നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
‘ഭരണത്തെ നയിച്ചതും മുന്നണിയെ നയിച്ചതും പിണറായി വിജയനാണ്. അങ്ങനെയെങ്കില്‍ സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അദ്ദേഹം തന്നെ വരണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം’ എന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. എന്‍ മോഹന്‍ പറഞ്ഞത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയിലും പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് എന്ന നിലയിലും ഒന്നാമത്തെ പരിഗണന ഇദ്ദേഹത്തിനാണ്. പിണറായി വിജയന്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വൈമുഖ്യം കാണിക്കുകയാണെങ്കില്‍, കേന്ദ്രകമ്മിറ്റി അംഗമായ ബാലഗോപാലിനെ പരിഗണിക്കാനാണ് സാധ്യത. അദ്ദേഹത്തെ ഉപനേതാവാക്കാനുള്ള ആലോചനകളും സജീവമാണ്.
സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും സഭയിലെ സിപിഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഈ യോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ഇടങ്ങളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എപ്രകാരം പ്രതിരോധിക്കണമെന്നതും യോഗത്തിന്റെ അജണ്ടയിലുണ്ടാകും.
അതേസമയം, ഭരണത്തില്‍ നിന്ന് പ്രതിപക്ഷത്തേക്ക് മാറിയതിന്റെ സൂചനയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയാ ഗ്രൂപ്പുകള്‍ ‘ഓപ്പോസിഷന്‍ മീഡിയ’ എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയുമായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ പരിചയസമ്പന്നനായ ഒരു നേതാവ് തന്നെ മുന്നണിയെ നയിക്കണമെന്ന നിലപാടിലാണ് ഇടതുപക്ഷം.
Photo and News Source: Janam TV










