തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ഒരു യുവതി ബംഗളൂരുവിലെ തെരുവുനായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യവേ മര്‍ദ്ദനമേറ്റു മരിച്ച സംഭവം പൊലീസ് അന്വേഷണത്തിലാണ്. യുവതി താമസിച്ചിരുന്ന മലയാളി ദീപക് കൃഷ്ണൻ നടത്തുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദീപക് കൃഷ്ണൻ യുവതിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും 'അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം' എന്ന ഭീഷണി സന്ദേശം യുവതിയുടെ ഭര്‍ത്താവ് പൊലീസിനു കൈമാറിയിട്ടുണ്ട്.
യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബോധാവസ്ഥയിലായ യുവതിയെ ബംഗളൂരുവിൽ നിന്ന് വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസില്‍ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതിയായ ദീപക് കൃഷ്ണനെ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തളിക്കുളത്തെ വീട്ടില്‍ 160 തെരുവുനായ്ക്കള്‍ക്ക് അഭയം നല്‍കുന്ന കേന്ദ്രത്തിലായിരുന്നു യുവതിയും ഭര്‍ത്താവും ജോലി ചെയ്തിരുന്നത്. ബംഗളൂരുവിലെ ദീപക് കൃഷ്ണന്റെ കേന്ദ്രത്തില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞ യുവതി താല്‍പര്യം പ്രകടിപ്പിച്ചു. മാസം 40,000 രൂപ വാഗ്ദാനം ചെയ്ത ദീപക് ഏപ്രില്‍ 17ന് യുവതിയെ ജോലിക്ക് നിയമിച്ചു. ബംഗളൂരുവിലെ ചെറിയ വീട്ടില്‍ 16 നായ്ക്കളുമായി യുവതി താമസിച്ചു. തൃശൂരില്‍നിന്നുമുള്ള രണ്ട് പെണ്‍കുട്ടികളും യുവതിയോടൊപ്പം പോയിരുന്നു.
ദീപക് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം ഇവര്‍ അറിയിച്ചതോടെ ദീപക് യുവതികളെ ദേഹോപദ്രവം ചെയ്യാന്‍ തുടങ്ങി. മേയ് 3-ന് വൈകിട്ട് നാട്ടിലേക്കു മടങ്ങാനുള്ള തീരുമാനം ദീപക്കിനെ അറിയിച്ചപ്പോള്‍, യുവതിയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. നിലത്തിട്ടു തലയില്‍ ചവിട്ടുകയും മുടിയില്‍ കുത്തിപ്പിടിച്ചു പലവട്ടം തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. യുവതി അബോധാവസ്ഥയിലായപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി. ഇവര്‍ പൊലീസിനെ അറിയിച്ചപ്പോള്‍ രണ്ട് പോലീസുകാര്‍ എത്തി പൂട്ടു തുറന്ന് അകത്തു കയറി. എന്നാല്‍, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പോലീസുകാരെയും ഉള്ളിലിട്ടു പൂട്ടി. കൂടുതൽ പോലീസ് സംഘം എത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചതും യുവതിയെ ആശുപത്രിയിലാക്കിയതും.
Photo and News Source: Samakalika Malayalam









