ന്യൂയോർക്ക്: സൈബർ തട്ടിപ്പുകളെയും ഡിജിറ്റൽ നിരീക്ഷണത്തിന്റെ ഭീഷണിയെയും കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. 'ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി' വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ബ്ലൂംബെർഗിനായി അവർ ഒരുക്കിയ 'trAPPed' എന്ന ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ട് പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്. ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. സൈബർ കുറ്റവാളികൾ ഇരകളെ മനശാസ്ത്രപരമായി തട്ടിപ്പിനിരയാക്കുന്ന രീതിയെക്കുറിച്ചുള്ള ലേഖനമാണിത്. ദക്ഷിണേഷ്യയിലുടനീളം വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകളുടെ പ്രതീകാത്മക ചിത്രീകരണവും ഈ റിപ്പോർട്ടിലുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ ആഴം നൂതനമായ ശൈലിയിലൂടെ അവതരിപ്പിച്ചതിന് പുലിറ്റ്സർ ബോർഡ് മാധ്യമപ്രവർത്തകരെ പ്രശംസിച്ചു.
ബ്ലൂ ഇൻ ഗ്രീൻ, ഗ്രാഫിറ്റീസ് വാൾ തുടങ്ങിയ ഗ്രാഫിക് നോവലുകളിലൂടെ പ്രശസ്തനായ ആനന്ദ് ആർ കെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് സുപർണ ശർമ. ബ്ലൂംബെർഗിന്റെ ഏഷ്യയിലെ മുതിർന്ന അന്വേഷണ റിപ്പോർട്ടറാണ് നതാലിയേ ഒബിക്കോ. 'trAPPed' റിപ്പോർട്ടിന് പുറമെ, യുഎസ് സർക്കാരും മറ്റ് ഭരണകൂടങ്ങളും രഹസ്യമായി ഉപയോഗിക്കുന്ന മാസ് സർവെയ്‌ലൻസ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള റിപ്പോർട്ടിന് മറ്റ് ഇന്ത്യൻ മാധ്യമപ്രവർത്തകനായ അനിരുദ്ധ ഗോഷാലിനും പുലിറ്റ്സർ അംഗീകാരം ലഭിച്ചു.
കൊളംബിയ സർവകലാശാല നൽകുന്ന പുലിറ്റ്സർ പുരസ്കാരം പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ്. പത്രസ്വാതന്ത്ര്യവും അന്വേഷണാത്മക സ്വാതന്ത്ര്യവും ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനം നടന്നത്. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഈ നേട്ടം ദേശീയവും അന്തർദേശീയവുമായ മാധ്യമ രംഗത്ത് വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Samakalika Malayalam









