നീലേശ്വരം | കാസര്‍കോട് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് കനത്ത തിരിച്ചടി. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഇടതിന്റെ ആധിപത്യം തകര്‍ന്നത് ജില്ലയിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി. കോണ്‍ഗ്രസ്സ് രണ്ട് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് ശക്തി പ്രകടിപ്പിച്ചു. ജില്ലയിലെ ഒറ്റ ജനപ്രതിനിധിയെ പോലുമില്ലാത്ത അവസ്ഥയിലേക്ക് സി പി എം എത്തി.

പ്രഥമ മുഖ്യമന്ത്രി ഇ എം എസ്സിനെ പ്രതിനിധീകരിച്ച നീലേശ്വരം ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് ആദ്യത്തെ പരാജയമാണ് ഏറ്റവും ശ്രദ്ധേയം. മണ്ഡലം രൂപവത്കൃതമായ ശേഷം ആദ്യമായുള്ള പരാജയമായിരുന്നു ഇത്. കയ്യൂരിന്റെയും മുനയന്‍കുന്നിന്റെയും വിപ്ലവ പാരമ്പര്യം പേറുന്ന മണ്ണില്‍ ഇടതുപക്ഷത്തിന് നേരിടേണ്ടി വന്ന തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.

നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി തുടങ്ങിയ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതെ പോയത് പാര്‍ട്ടിയെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഷാഫി പറമ്പിലും സന്ദീപ് വാര്യരും ചേര്‍ന്ന് നടത്തിയ റോഡ് ഷോ യു ഡി എഫ് കേന്ദ്രങ്ങളില്‍ വലിയ ആവേശം സൃഷ്ടിച്ചു. തൃക്കരിപ്പൂര്‍ മുതല്‍ നീലേശ്വരം വരെ നീണ്ട പ്രചാരണ പരിപാടി ഐക്യമുന്നണി വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ നിർണായകമായിരുന്നു. സന്ദീപ് വാര്യരുടെ ഇടപെടല്‍ യു ഡി എഫ് വോട്ടുകള്‍ ഉറപ്പിക്കുന്നതിന് സഹായിച്ചു.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജനപ്രതിനിധികളുടെ വീഴ്ചകളും പരാജയത്തിന് ആക്കം കൂട്ടിയതെന്ന വിമര്‍ശനം ശക്തമാണ്. ജില്ലാ സെക്രട്ടറിയും നിലവിലെ എം എല്‍ എയുമായ എം രാജഗോപാലിന്റെ പ്രവര്‍ത്തനശൈലിയും വിമര്‍ശിക്കപ്പെടുന്നു.

Photo and News Source: Siraj Live