കണ്ണൂരിൽ സി.പി.എമ്മിന്റെ തോൽവിയെ തുടർന്ന് പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ആവിഷ്കരിച്ചു. "പാർട്ടിയാണ് വലുത്, നേതാക്കളല്ല" എന്ന മുദ്രാവാക്യത്തോടെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങൾ വെട്ടിയ ഫ്ലക്സുകൾ കേളകംചെങ്കോട്ടമുക്കിൽ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജ്, സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് എന്നിവരുടെ ചിത്രങ്ങൾക്ക് മുകളിൽ "നയിക്കാൻ ഇവർക്കെങ്ങോ? ഞങ്ങൾ കൂടെയുണ്ട്!" എന്നെഴുതിയതും ശ്രദ്ധേയമായി.
സോഷ്യൽ മീഡിയയിൽ ഗോവിന്ദനെതിരെ കടുത്ത വിമർശനമുയർന്നു. "കഴിവില്ലെങ്കിൽ രാജി വയ്ക്കണം" എന്ന ആവശ്യമാണ് സൈബർ സഖാക്കൾ ഉയർത്തുന്നത്. തളിപറമ്പ് മണ്ഡലം തോൽക്കാൻ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതാണ് കാരണമെന്ന വിമർശനവും ശക്തമാണ്. പിണറായി വിജയനെതിരെയും പ്രതിഷേധം ഉയർന്നു. കമ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുകയും കുടുംബപരിപാലനത്തിൽ അധികാര ദുരുപയോഗം നടത്തിയെന്ന ആരോപണങ്ങളുമാണ് ഇതിനു പിന്നിൽ.
Photo and News Source: Kerala Online News










