പാവറട്ടി: മണലൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ 126 വോട്ടിന് തോറ്റു. വിജയിച്ചത് മുൻ മന്ത്രിയും സി.പി.എമ്മിലെ സി. രവീന്ദ്രനാഥ്. ആദ്യ റൗണ്ടിൽ പ്രതാപൻ 191 വോട്ടിന് മുന്നിലായിരുന്നു. രണ്ടാം റൗണ്ടിൽ രവീന്ദ്രനാഥിന് 469 ഭൂരിപക്ഷം. ഏഴാം റൗണ്ട് വരെ രവീന്ദ്രനാഥ് മുന്നിലായിരുന്നു. എട്ടാം റൗണ്ടിൽ പ്രതാപൻ 1,364 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുന്നിലെത്തി.
മണലൂർ, അരിമ്പൂർ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ തുടങ്ങിയതോടെ സ്ഥിതി മാറി. 700-ൽ താഴെ ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രതാപൻ പിന്നീട് പുറകോട്ടുപോയി. രവീന്ദ്രനാഥ് മുന്നിലെത്തി. എന്നാൽ, അരിമ്പൂർ പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ രവീന്ദ്രനാഥിന്റെ ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷം പ്രഖ്യാപിക്കുന്നതിൽ അവ്യക്തതയുമുണ്ടായി. ഒടുവിൽ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രവീന്ദ്രനാഥ് മുന്നിലെത്തി.
ടി.എൻ. പ്രതാപൻ വൈകീട്ട് ആറരയോടെ കൗണ്ടിങ് സ്റ്റേഷനിലെത്തി റിട്ടേണിങ് ഓഫീസറെ പരാതിപ്പെടുകയും അഞ്ച് വി.വി.പാറ്റ് മെഷീനുകൾ വീണ്ടും എണ്ണാൻ ആവശ്യപ്പെടുകയും ചെയ്തു. തപാൽ വോട്ടുകളും രണ്ടാമതും എണ്ണണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ചതിൽ അപാകം കണ്ടെത്തിയില്ല. യഥാർഥത്തിൽ രണ്ട് അപരന്മാരായ സ്വതന്ത്രന്മാരാണ് വിജയത്തെ നിർണയിച്ചത്. കെ. രവീന്ദ്രനാഥ് 234 വോട്ടും പ്രതാപൻ 182 വോട്ടും നേടി. 65,337 വോട്ടാണ് രവീന്ദ്രനാഥിനും 65,211 വോട്ടാണ് പ്രതാപനും. എൻ.ഡി.എ. സ്ഥാനാർഥി കെ.കെ. അനീഷ്‌കുമാർ 38,125 വോട്ടും നേടി. തൃശ്ശൂരിലെ ഏറ്റവും ശ്രദ്ധേയ മത്സരമായിരുന്നു മണലൂർ മണ്ഡലം.
Photo and News Source: Mathrubhumi









