പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അറുതി വരുത്തി കേരള ജനത അടുത്ത അഞ്ച് വർഷത്തെ ഭരണം യുഡിഎഫിന് നല്കി. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാനുറച്ച ഇടതുമുന്നണിയുടെ പ്രതീക്ഷകൾ കടപുഴക്കി. നൂറിലധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തി. പരമ്പരാഗത സീറ്റുകൾക്കപ്പുറം ഇടതുകോട്ടകളിലേക്കും ശക്തമായ കടന്നുകയറ്റമാണ് യുഡിഎഫ് നടത്തിയത്.

എൽഡിഎഫിന് വലിയ തിരിച്ചടി നേരിടാൻ കാരണങ്ങളെല്ലാം ഒന്നിച്ചു പ്രവർത്തിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം, ഭരണത്തുടർച്ചയുടെ ആലസ്യം, ജനങ്ങളോടുള്ള അകല്ച, സാമ്പത്തിക പ്രതിസന്ധി, സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്നിവയെല്ലാം ചേർന്നു. പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടു.

എൽഡിഎഫിന്റെ വോട്ടുബേങ്കായ സാധാരണക്കാർക്ക് മാസങ്ങളോളം ക്ഷേമപെൻഷൻ മുടങ്ങിയത് വലിയ അതൃപ്തി സൃഷ്ടിച്ചു. പിഎസ്‌സി ലിസ്റ്റ് വഴിയുള്ള നിയമനങ്ങളിലെ മെല്ലെപ്പോക്കും താത്കാലിക-കരാർ നിയമനങ്ങളും യുവസമൂഹത്തെ പ്രത്യേകിച്ച് ഉദ്യോഗാർത്ഥികളെ നിരാശപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് അർഹമായ തൊഴിലില്ലാതെ പോയത് സർക്കാരിന്റെ വികസന മാതൃകയെ ചോദ്യം ചെയ്യിച്ചു.

Photo and News Source: Siraj Live