മലപ്പുറം ജില്ലയിലെ തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തി ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ഇടിഞ്ഞുവീണു.

ഓടിക്കൊണ്ടിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനിനു മീതെയായിരുന്നു സംഭവം. ട്രെയിന്‍ വേഗത കുറച്ച് ഓടിയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കല്ലുകള്‍ വീണ് ട്രെയിനിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തെ തുടര്‍ന്ന് 7.45 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത് മറ്റു ട്രെയിനുകളുടെ സമയക്രമത്തേയും ബാധിച്ചു. ഒന്നര മണിക്കൂറിലധികം നിര്‍ത്തിയ മെമു പിന്നീട് നിലമ്പൂരിലേക്ക് തിരിച്ചുവിട്ടു.

റെയില്‍വെയുടെ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി. ട്രാക്കിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റെയില്‍പാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് മേല്‍പ്പാലം മോടിപിടിപ്പിച്ചിരുന്നു. ദുര്‍ബലമായ സംരക്ഷണഭിത്തിയെക്കുറിച്ച് മുൻപേ ആക്ഷേപങ്ങളുണ്ടായിരുന്നു.

Photo and News Source: Siraj Live