കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി മഴയും ആലിപ്പഴവും ഇടിമിന്നലും എത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ മെയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുന്നു. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ സ്വാധീനത്താൽ അന്തരീക്ഷത്തിൽ മാറ്റം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡഗഡ്, ദില്ലി എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴാനുള്ള സാധ്യതയെത്തുടർന്ന് കർഷകർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. താപനിലയിൽ 3 മുതൽ 5 ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വേനൽമഴ സജീവമാകാൻ സാധ്യതയുണ്ട്. കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Photo and News Source: Asianet News