ബെയ്‌റൂത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിപ്പിച്ചു. നിലവിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളോട് ഉടൻ വീടൊഴിയാൻ സൈന്യം ആവശ്യപ്പെട്ടു. ലിതാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിലെ ജനങ്ങളോടാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചത്. വീടുകളിൽ നിന്ന് 1,000 മീറ്റർ അകലെയുള്ള തുറസ്സായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രെ ഞായറാഴ്ച മുന്നറിയിപ്പ് നൽകി.

ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് തെക്കൻ ലബനാനിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ലിതാനി നദിയുടെ വടക്കൻ മേഖലകളിലേക്കും ആക്രമണം വ്യാപിച്ചു. ഒഴിപ്പിക്കൽ ഉത്തരവിൽ ഉൾപ്പെടാത്ത ഗ്രാമങ്ങളിലും ആക്രമണം നടന്നു. ഏപ്രിൽ 17-ലെ അമേരിക്കൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഇപ്പോൾ പേരിനു മാത്രമായി. ലിതാനി നദിക്ക് വടക്കുള്ള ഭീഷണികളെ ഇല്ലായ്മ ചെയ്യുമെന്ന് ഇസ്രായേൽ മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ശനിയാഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ ലബനാനിൽ 10 പേർ മരിച്ചു. മാർച്ച് 2-ന് ശേഷം ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 2,659 ആയി. 8,183 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ പൂർണമായി നടപ്പാക്കിയാൽ മാത്രമേ സമാധാന ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ വ്യക്തമാക്കി.

Photo and News Source: Kerala Online News