തൃശൂരിലെ മണലൂർ നിയമസഭാ മണ്ഡലത്തിൽ തപാൽ വോട്ടുകൾ അസാധുവാക്കപ്പെട്ടത് സംബന്ധിച്ച് യുഡിഎഫ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് സിസി ശ്രീകുമാർ അപേക്ഷ സമർപ്പിച്ചു.
പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവർത്തനമാണ് 160 പോസ്റ്റൽ വോട്ടുകൾ അസാധുവാകാൻ കാരണമായത്. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം കൗണ്ടർ ഫോയലും അയക്കാൻ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചതാണ് ഈ പ്രശ്നത്തിനു നിദാനം. ഇത്തരമൊരു ക്രമക്കേട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനായി കേരള ഹൈക്കോടതിയിൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്യാൻ യുഡിഎഫ് തീരുമാനിച്ചു. സമ്മതിദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം സംരക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്നുവെന്നും സിസി ശ്രീകുമാർ വ്യക്തമാക്കി.
Photo and News Source: Samakalika Malayalam









