തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം, അക്രമരാഷ്ട്രീയത്തിന് ജനങ്ങൾ എതിരാണെന്നും, മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നത് സാധ്യമല്ലെന്നും കെ.സി.വേണുഗോപാൽ എംപി വ്യക്തമാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം യഥാർഥ കേരള സ്റ്റോറിയാണ് തെളിയിക്കുന്നത്. യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും, രാഹുൽ ഗാന്ധിയുടെ ഇന്ദിരാ ഗ്യാരണ്ടിയും വിജയത്തിനു പ്രധാന കാരണമായി.

പത്തു വർഷത്തെ എൽഡിഎഫിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പ്രവർത്തകർക്കു പുറമേ യഥാർഥ കമ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും രണ്ടു വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ദീപ ദാസ് മുൻഷി തുടങ്ങിയ കേന്ദ്ര നേതാക്കളും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്ന ജനവിധിയാണിത്. ഇന്ദിരാ ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കും. മുഖ്യമന്ത്രി തീരുമാനം ഉടൻ കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് എടുക്കും.

Photo and News Source: Kerala Online News