ന്യൂഡൽഹിയിൽ വച്ച് നടന്ന ദേശീയ ആരോഗ്യസമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കുട്ടികളിലെ പ്രമേഹം നേരത്തേ തിരിച്ചറിയാനും മികച്ച ചികിത്സ ഉറപ്പാക്കാനുമുള്ള മാർഗനിർദേശരേഖ പുറത്തിറക്കിയത്. 18 വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികളെയും സ്‌കൂളുകളും കമ്യൂണിറ്റി പ്ലാറ്റ്ഫോമുകളും വഴി പരിശോധനയ്ക്കു വിധേയരാക്കും.
സംശയമുള്ള കേസുകൾ ഉടനടി ജില്ലാതല ആരോഗ്യസൗകര്യങ്ങളിലേക്ക് റഫർ ചെയ്യുകയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ സ്‌ക്രീനിങ്, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഇൻസുലിൻ തെറാപ്പി, ഗ്ലൂക്കോമീറ്ററുകൾ, ടെസ്റ്റ് സ്ട്രിപ്പുകൾ, ഫോളോ-അപ്പ് പരിചരണം എന്നിവയുൾപ്പെടെ സമഗ്ര സൗജന്യ പരിചരണ പാക്കേജ് ലഭ്യമാക്കും.
ആജീവനാന്ത ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. മാതാപിതാക്കൾക്ക് ഇൻസുലിൻ എടുക്കുന്ന രീതി, ഗ്ലൂക്കോസ് പരിശോധന, അടിയന്തരസാഹചര്യങ്ങൾ കൈകാര്യംചെയ്യൽ എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. അമിത മൂത്രമൊഴിക്കുക, കഠിനമായ ദാഹം, ക്ഷീണം, ശരീരം മെലിയുക, മൂത്രം പിടിച്ചുവെക്കുക, ദീർഘനേരം ഒരേ ഇരിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അറിയാനും ശ്രദ്ധിക്കാനും ആരോഗ്യവിദഗ്ദ്ധർ ഉപദേശിക്കുന്നു.
Photo and News Source: Mathrubhumi










