ന്യൂഡൽഹിയിൽ നിന്നും : ഒരു മാസത്തോളം നീണ്ട ആകാംക്ഷക്ക് ഇന്നു വിരാമം. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, ആസാം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
ബംഗാളിലാകട്ടെ, രണ്ടു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. പോണ്ട, ബാഗൽക്കോട്ട്, ദവനഗേരെ സൗത്ത്, കോറിഡംഗ്, ധർമ്മനഗർ, ഉംറേത്ത്, രാഹുറി, ബാരാമതി എന്നീ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിവസം പ്രഖ്യാപിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.30 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും.
രാവിലെ ഒൻപതുമണിയോടെ ആദ്യ ഫലസൂചന ലഭിക്കും. ഉച്ചയോടെ വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടത്തിന്റെ ചിത്രം തെളിയും. ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ റീ പോളിങ് പ്രഖ്യാപിച്ചതിനാൽ അവിടെ മാത്രം വോട്ടെണ്ണൽ ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിൽ 140, തമിഴ്നാട്ടിൽ 234, പുതുച്ചേരിയിൽ 30, ആസാമിൽ 126, ബംഗാളിൽ 294 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം. ഫലങ്ങളും ട്രെൻഡുകളും ഔദ്യോഗികമായി ECINET ആപ്പിലൂടെയോ results.eci.gov.in പോർട്ടലിലൂടെയോ ലഭ്യമാകും.
വോട്ടെണ്ണൽ ഹാളിൽ എത്തുന്ന ഉദ്യോഗസ്ഥർക്ക് ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കാസർകോട് മണ്ഡലത്തിൽ പരീക്ഷിച്ച സംവിധാനമാണിത്.
Photo and News Source: Janam TV










