കലിഫോർണിയ: യുഎസ് ജസ്റ്റിസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ എച്ച്-1ബി വീസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് ഇന്ത്യൻ വംശജർ കുറ്റം സമ്മതിച്ചു. സമ്പത് രാജിടി (51) ഉം ശ്രീധർ മാഡയും (51) ആണ് പ്രതികൾ. കലിഫോർണിയ സർവകലാശാലയുടെ കൃഷി-പ്രകൃതി വിഭവ വകുപ്പിലെ ചീഫ് ഇൻഫർമേഷൻ ഓഫിസറായിരുന്നു മാഡ.

പ്രതി രാജിടി, എസ് ടീം സോഫ്റ്റ് വെയർ, അപ്ട്രെൻഡ് ടെക്നോളജീസ് എന്നീ വീസ സേവന സ്ഥാപനങ്ങൾ നടത്തിയിരുന്നു. 2020 ജൂണിനും 2023 ജനുവരിക്കുമിടയിൽ, ഇരുവരും ചേർന്ന് കലിഫോർണിയ സർവകലാശാലയുമായി ബന്ധിപ്പിച്ച് വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി നിരവധി എച്ച്-1ബി വീസ അപേക്ഷകൾ സമർപ്പിച്ചു.

യാഥാർഥ്യത്തിൽ, ഈ ജോലികൾ നിലവിലില്ലായിരുന്നു. തൊഴിലാളികൾ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നില്ല. ജൂലൈ 30-ന് യുഎസ് ജഡ്ജി ട്രോയ് എൽ. നൺലി ശിക്ഷ വിധിക്കും. പരമാവധി അഞ്ച് വർഷം തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Photo and News Source: Sathyam Online