തിരുവനന്തപുരം: നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പ് അവസരങ്ങൾ വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുതിയ നടപടികൾ കൈക്കൊള്ളുന്നു. നിലവിൽ വ്യവസായ-അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്നുള്ള ഇന്റേൺഷിപ്പ് പരിപാടി, സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഒരുലക്ഷം വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരം നൽകിയിട്ടുണ്ടെന്ന് കൗൺസിൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്റേൺഷിപ്പിന്റെ പേരിൽ ചില സ്ഥാപനങ്ങൾ വൻഫീസ് ഈടാക്കുന്നതു തടയാൻ പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാലാം സെമസ്റ്റർ പൂർത്തീകരിച്ചവർ ഏപ്രിൽ-മേയ് മാസങ്ങളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. അടുത്ത ഘട്ടമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ വർധിപ്പിക്കും.
നിലവിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കാത്തവർ അഞ്ചാം സെമസ്റ്ററിനുള്ളിൽ പൂർത്തീകരിച്ചാൽ മതിയെന്നാണ് സർവകലാശാലകൾക്ക് നിർദ്ദേശം. കൗൺസിൽ കെൽട്രോൺ വഴി പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 80,000 പേർക്ക് അവസരമൊരുക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ 30,000 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 10,000 പേർ ഇന്റേൺഷിപ്പ് തുടങ്ങിക്കഴിഞ്ഞു.
Photo and News Source: Mathrubhumi










