ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ബഹ്റൈൻ പ്രതിഭ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും പ്രാധാന്യം നൽകിയ ഈ ദിനാഘോഷം ശ്രദ്ധേയമായി.

മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം ചെയ്തു. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ.യും രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാറും സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മിജോഷ്, അനിൽ കെ.പി. എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

ബഹ്റൈൻ പ്രതിഭ വനിതാവേദിയും സൽമാബാദ് യൂണിറ്റും ചേർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ലോക കേരളസഭാംഗം കെ.ടി. സലിം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. എൽദോ ജോർജ് നടത്തിയ 'മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്' വനിതാവേദി എക്‌സിക്യൂട്ടീവ് അംഗം സ്‌നേഹ ഹരീഷ് ഏകോപിപ്പിച്ചു.

Photo and News Source: Mathrubhumi