കുവൈറ്റിൽ നിന്നുള്ള പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആദിൽ അൽ സഅദൂൻ 2026-ലെ ബലിപെരുന്നാൾ മെയ് 27-ന് ബുധനാഴ്ച ആഘോഷിക്കുമെന്ന് പ്രവചിച്ചു. ജ്യോതിശാസ്ത്ര കണക്കുപ്രകാരം മെയ് 16-ന് രാത്രി 11 മണിക്ക് ചന്ദ്രൻ സൂര്യനുമായി സംഗമിക്കുമെങ്കിലും, സൂര്യാസ്തമയത്തിന് മുമ്പ് ചന്ദ്രൻ അപ്രത്യക്ഷമാകുമെന്നതിനാൽ ചന്ദ്രക്കല കാണാനാവില്ല.

മെയ് 17-ന് ഞായറാഴ്ച വൈകുന്നേരത്തോടെ ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ മെയ് 18-ന് തിങ്കളാഴ്ച ദുൽഹിജ്ജ മാസം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ അറഫാ ദിനം മെയ് 26-ന് ചൊവ്വാഴ്ചയും, ബലിപെരുന്നാൾ ആഘോഷം മെയ് 27-ന് ബുധനാഴ്ചയുമായിരിക്കുമെന്ന് പ്രസ്താവിച്ചു. എന്നാൽ ഔദ്യോഗിക തീയതികൾ ചന്ദ്രദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിശ്ചയിക്കുകയെന്ന് സൂചിപ്പിച്ചു.

Photo and News Source: Sathyam Online