ശ്രീവിജയപുരം: ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് ഈ ചരിത്ര നേട്ടം നടന്നത്. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ത്രിവര്‍ണ പതാക വെള്ളത്തിനടിയില്‍ നിവര്‍ത്തിയത്, 200 മുങ്ങൽ വിദഗ്ദ്ധരുടെ സംയുക്ത ശ്രമത്തിലൂടെയാണ് സാദ്ധ്യമായത്.
ആന്റമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവരും മുങ്ങൽ വിദഗ്ദ്ധരുമടക്കം വിവിധ വിഭാഗങ്ങൾ ഈ ദൗത്യം പൂർത്തിയാക്കി. ലഫ്റ്റനന്റ് ഗവർണർ ഡികെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്രഭൂഷൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗിന്നസ് റെക്കോർഡ് പ്രതിനിധി ഋഷി നാഖ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.
'ഒരു പതാകയല്ല... സമുദ്രത്തെയും എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തെയും സ്പർശിച്ച നിമിഷം' എന്നാണ് സംഘാടകർ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഈ റെക്കോർഡ് ഈജിപ്തിന്റെ 2023ലെ 2027 ചതുരശ്ര മീറ്റർ റെക്കോർഡിനെ മറികടന്നു.
Photo and News Source: Samakalika Malayalam









